നവാഗതരില്‍ വിശ്വാസമര്‍പ്പിച്ച് കൊണ്ടുള്ള മമ്മൂട്ടിയുടെ നീക്കം ഒരിയ്‌ക്കല്‍ കൂടി വിജയം കാണുന്നു. അണിയറയിലെ പുതമുഖമായ ആഷിക് അബുവിന് മമ്മൂട്ടിയെ നായകനാക്കി ഒരു ത്രില്ലിങ് ഫാമിലി എന്റര്‍ടൈന്‍മെന്റ് ഒരുക്കാന്‍ കഴിഞ്ഞുവെന്നതില്‍ തീര്‍ച്ചയായും അഭിമാനിയ്‌ക്കാം.
പ്രായത്തെ പിന്നോട്ടടിച്ച് മുന്നേറുന്ന മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനവും അത്ര മികച്ചതല്ലാത്ത തിരക്കഥയുടെ കുറവുകള്‍ മറച്ചുപിടിയ്‌ക്കുന്ന ആഷിക്കിന്റെ സംവിധാന മികവും സമീര്‍ താഹയുടെ കിടിലന്‍ ക്യാമറ വര്‍ക്കുമെല്ലാം ഡാഡി കൂളിനെ 2009ലെ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിയ്‌ക്കാന്‍ സഹായിച്ചേക്കും.
ഏറെക്കാലത്തിന് ശേഷം പൂര്‍ണമായും കുടുംബ പശ്ചാത്തലത്തില്‍ ഒരു മമ്മൂട്ടി ചിത്രം-ഡാഡി കൂള്‍ ചിത്രീകരണ സമയത്ത് പറഞ്ഞു കേട്ടിരുന്ന വിശേഷങ്ങളിലൊന്നായിരുന്നു അത്. ഈയൊരു വിശേഷണത്തിനോട് നീതി പുലര്‍ത്തിക്കൊണ്ടാണ് ആഷിക് അബു ഡാഡി കൂള്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിച്ചിരിയ്‌ക്കുന്നത്.
മമ്മൂട്ടി അവതരിപ്പിയ്‌ക്കുന്ന ക്രൈംബ്രാഞ്ച് സിഐ ആന്റണി സൈമണ്‍ അലസനും വലിയ ക്രിക്കറ്റ് ഭ്രാന്തനുമാണ്. ബുദ്ധിമാനാണെങ്കിലും ഉത്തരവാദിത്വമില്ലാതെ ആറു വയസ്സുകാരനായ മകന്‍ ആദി(ധനജ്ഞയ്)യ്‌ക്കൊപ്പം അടിച്ചു പൊളിയ്‌ക്കലാണ് സൈമണിന്റെ പ്രധാന ജോലി. ഡാഡിയുടെയും മകന്റെയും വികൃതികള്‍ സൈമണിന്റെ ഭാര്യ ആനി(റിച്ച പല്ലോട്)യെ പലപ്പോഴും ശുണ്‌ഠി പിടിപ്പിയ്‌ക്കാറുണ്ട്. ആദിയെ സംബന്ധിച്ചിടത്തോളം അച്ഛനാണ് അവന്റെ ഏറ്റവും വലിയ സൂപ്പര്‍ ഹീറോ.
പ്രായം മറന്ന് മകനുമൊത്ത് കളിച്ചു നടക്കുന്നതും അലസതയുമെല്ലാം ആന്റണി സൈമണെ ഡിപ്പാര്‍ട്ട്‌മെന്റില്‍ പരിഹാസ്യനാക്കിയിട്ടുണ്ട്. ഇതിന്റെ പേരില്‍ സഹപ്രവര്‍ത്തകര്‍ പലരും സൈമണെ കണക്കറ്റ് കളിയാക്കാറുമുണ്ട്. എന്നാല്‍ ഇതൊന്നും സൈമണ് പ്രശ്‌നമല്ല.
ഒരിയ്‌ക്കല്‍ കൊടും കുറ്റവാളിയായ ഭീബ് ഭായിയെ (ആശിഷ് വിദ്യാര്‍ത്ഥി) വിട്ടുകളഞ്ഞ സംഭവത്തില്‍ സൈമണിന് സസ്‌പെന്‍ഷന്‍ ലഭിയ്‌ക്കുന്നു. സൈമണിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവ് തന്നെയായിരുന്നു ഇതിന് കാരണം. എന്നാല്‍ ക്രിക്കറ്റ് താരം ശ്രീകാന്തി(ഗോവിന്ദ് പത്മസൂര്യ)നെ അക്രമിയ്‌ക്കുന്ന വില്ലന്‍മാരെ മകന്റെ സഹായത്താല്‍ കുടുക്കാനായത് ആന്റണിയെ ജോലിയില്‍ തിരിച്ചെത്താന്‍ സഹായിക്കുന്നു.
സര്‍വീസില്‍ വീണ്ടും തിരിച്ചെത്തിയ ആന്റണിയ്‌ക്ക് നിനച്ചിരിയ്‌ക്കാത്ത പല സംഭവങ്ങളും നേരിടേണ്ടി വരികയാണ്. ഇതോടെ ഡാഡി കൂള്‍ കുടുംബ ചിത്രത്തില്‍ നിന്നും വഴി മാറി സസ്‌പെന്‍സ് ത്രില്ലറായി പരിണമിയ്‌ക്കുകയാണ്.
വലിയ കെട്ടുപാടുകളില്ലാത്ത കഥ വളരെ ലളിതമായി പറഞ്ഞവസാനിപ്പിയ്‌ക്കാന്‍ കഴിഞ്ഞതാണ് ഡാഡി കൂളിന്റെ സംവിധായകന്‍ ആഷിക്കിന്റെ നേട്ടം. ആദ്യ പകുതിയില്‍ കുടുംബ കാര്യങ്ങള്‍ കരിയറിനെ എങ്ങനെ ബാധിയ്‌ക്കുന്നുവെന്നും രണ്ടാം പകുതിയില്‍ കരിയറിലെ കുഴപ്പങ്ങള്‍ കുടുംബത്തെ എങ്ങനെ ബാധിയ്‌ക്കുന്നുവെന്നും ഭംഗിയായി അവതരിപ്പിയ്‌ക്കാന്‍ ആഷിഖിന് കഴിഞ്ഞിരിയ്‌ക്കുന്നു.
ഒരു കുടുംബ ചിത്രമായി തുടങ്ങുന്ന ഡാഡി കൂള്‍ സ്വഭാവികത കൈവിടാതെ സസ്‌പെന്‍സ് ത്രില്ലറാക്കി മാറ്റാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഇത്തരങ്ങള്‍ക്ക് ചിത്രങ്ങള്‍ക്ക് വേണ്ട അത്യാവശ്യം വേണ്ട കോമഡി, സെന്റിമെന്റ്‌സ്, ആക്ഷന്‍, സ്‌റ്റൈല്‍ ഇവയെല്ലാം ക്യത്യമായ ചേര്‍ക്കാന്‍ ചിത്രത്തിന്റെ തിരക്കഥാക്കൃത്ത് കൂടിയായ ആഷിക് അബു ശ്രദ്ധിച്ചിട്ടുണ്ട്.
ഇതൊക്കെ കൊണ്ടു തന്നെ മമ്മൂട്ടിയുടെ ആരാധകര്‍ക്ക് മാത്രമല്ല മറ്റുള്ള പ്രേക്ഷകര്‍ക്കും ഡാഡി കൂളിനെ ആസ്വാദ്യകരമാക്കി തീര്‍ക്കും. മമ്മൂട്ടിയെന്ന തന്നിലര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിയ്‌ക്കാനും ആഷിക്കിന് കഴിഞ്ഞുവെന്ന് ഉറപ്പിയ്‌ക്കാം.
‘ബിഗ് ബി’യിലൂടെ മലയാളിയ്‌ക്ക് പുതിയ ദൃശ്യാനുഭവം സമ്മാനിച്ച സമീര്‍ താഹിര്‍ ഡാഡി കൂളിലും തന്റെ മികവ് ആവര്‍ത്തിയ്‌ക്കുന്നു. രാജീവ് ഗോപാലിന്റെ ഗ്രാഫിക്‌സ് വര്‍ക്കുകളും അഭിനന്ദനമര്‍ഹിയ്‌ക്കുന്നുണ്ട്. ടൈറ്റില്‍ ഗ്രാഫിക്‌സുകളില്‍ ഒരു പുതമ കൊണ്ടുവരാന്‍ രാജീവിന് സാധിച്ചിട്ടുണ്ട്. പാസ് മാര്‍ക്ക് നല്‌കാന്‍ കഴിയുന്ന ബിജി ബാലിന്റെ ഗാനങ്ങള്‍ ദൃശ്യഭംഗിയോടെ അവതരിപ്പിയ്‌ക്കാന്‍ സംവിധായകനും ഛായാഗ്രാഹകനും ശ്രമിച്ചിട്ടുണ്ട്.
കോമാളിത്തരങ്ങളിലേക്ക് വഴിമാറിയ കോമഡി കഥാപാത്രങ്ങളില്‍ നിന്നുള്ള മമ്മൂട്ടിയുടെ രക്ഷപ്പെടല്‍ കൂടിയാണ് ഡാഡി കൂളിലെ ആന്റണി സൈമണ്‍ എന്ന കഥാപാത്രം.
ആരെയും കൊതിപ്പിയ്‌ക്കുന്ന മമ്മൂട്ടിയുടെ ഗ്ലാമര്‍ തന്നെയാണ് ഡാഡി കൂളിന്റെ ഹൈലൈറ്റുകളിലൊന്ന്. മോളിവുഡിന്റെ ‘സെക്‌സി മാന്‍’ എന്ന വിശേഷണം തനിയ്‌ക്കിപ്പോഴും കൈമോശം വന്നിട്ടില്ലെന്ന് ചിത്രത്തിലെ കളര്‍ ഫുള്‍ റോളിലൂടെ മമ്മൂട്ടി തെളിയിച്ചിരിയ്‌ക്കുന്നു. ഇരുത്തം വന്ന അഭിന മികവിലൂടെ വളരെ തന്മയത്വത്തോടെയാണ് ആന്റണി സൈമണ്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിരിയ്‌ക്കുന്നത്.
ചെറുപ്പത്തിലേ കുട്ടികളുടെ മനസ്സ് കീഴടക്കുക-ഈയൊരു ക്യാച്ച് വേഡ് മനസ്സില്‍ കൊണ്ടു നടക്കുന്ന മമ്മൂട്ടിയ്‌ക്കിപ്പോള്‍ ക്യാമ്പസുകളിനേക്കാള്‍ ആരാധകര്‍ വിദ്യാലയങ്ങളിലാണെന്ന് കരുതേണ്ടിയിരിക്കുന്നു. അടുത്ത കാലത്തായി മമ്മൂട്ടി അവതരിപ്പിയ്‌ക്കുന്ന കഥാപാത്രങ്ങള്‍ കൂടുതലും കുട്ടികളെ ലക്ഷ്യം വെച്ചാണ്. ഡാഡി കൂളിലെ സൈമണും കുട്ടികള്‍ക്കിഷ്ടപ്പെടുമെന്ന് തീര്‍ച്ചയാണ്.
സൈമണിന്റെ എട്ടു വയസ്സുകാരനായ ആദിയെന്ന വികൃതിയായി ധനജ്ഞയ് അടിപൊളിയ്‌ക്കായിട്ടുണ്ട്. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള കോന്പിനേഷന്‍ സീനുകളിലെല്ലാം തിളങ്ങിയ ധനജ്ഞയ്‌ക്ക് ഡാഡി കൂള്‍ ഒരു വഴിത്തിരിവാകുമെന്നതില്‍ സംശയമില്ല. അതേ സമയം ബോളിവുഡില്‍ നിന്നും മമ്മൂട്ടിയുടെ നായികയായെത്തിച്ച റിച്ചയുടെ ഡബ്ബിഗ് നിലവാരം തീരെ മോശമാണ്. പലപ്പോഴും ഇത് പ്രേക്ഷകരില്‍ അരോചകത്വം സൃഷ്ടിയ്ക്കുന്നുണ്ട്.
ചിത്രത്തിലെ സഹതാരങ്ങ ലായ ബിജു മേനോന്‍, സായി കുമാര്‍, വിജയരാഘവന്‍, രാധിക എന്നിവരും തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്‌ചവെച്ചിരിയ്‌ക്കുന്നത്. ഭീമന്‍ രഘവും അന്തരിച്ച പ്രമുഖ രാജന്‍ പി ദേവും ചെറിയ റോളുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
കഴിഞ്ഞ കുറച്ചു കാലമായി പുറത്തുവന്ന മമ്മൂട്ടി ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്‌ത പുലര്‍ത്തുന്ന ഡാഡി കൂള്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പം കാണാവുന്ന ചിത്രം തന്നെയാണ്.
[…] ഡാഡി കൂള്*- അടിപൊളി ഫാമിലി ത്രില്ലര്* […]