നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുരളി അന്തരിച്ചു. തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയില്‍ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. അമ്പത്തിയഞ്ച് വയസ്സായിരുന്നു.
കടുത്ത പ്രമേഹത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് മുരളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ തളര്‍ന്ന് വീണ അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുരളിക്ക് ഹൃദയാഘാതം അനുഭവപ്പെട്ടിരുന്നു.
കുറച്ചു നാളായി വൃക്കരോഗത്തിനും ചികില്‍സയിലായിരുന്നു മുരളി. മുന്‍പ് ഡയാലിസിസിനും അദ്ദേഹം വിധേയമായിട്ടുണ്ട്. മൃതദേഹം നാളെ വൈകീട്ട് തിരുവനന്തപുരം വിജെടി ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം നാളെ വൈകീട്ട് അഞ്ചിന് അരുവിക്കരയില്‍.
നായകനായും സ്വഭാവ നടനായും വില്ലനായും വെള്ളിത്തിരയില്‍ ശോഭിച്ച മുരളി നിരവധി തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ നാടകത്തിലും സീരിയലിലും തന്‍റേതായ വ്യക്തി മുദ്ര പതിപ്പിച്ച അപൂര്‍വം പ്രതിഭകളില്‍ ഒരാളായിരുന്നു മുരളി.
കൊട്ടാരക്കരയ്ക്കടുത്ത് കുടവട്ടൂരില്‍ പൊയ്കയില്‍ വീട്ടില്‍ കെ. ദേവകിയമ്മയുടെയും പി.കൃഷ്ണപിള്ളയുടെയും മകനായി 1954 മേയ് 25- നാണ് മുരളി ജനിച്ചത്. കുടവട്ടൂര്‍ എല്‍.പി. സ്കൂളിലും തൃക്കണ്ണമംഗലം എസ്.കെ.വി.എച്ച്.എസിലും പ്രാഥമിക വിദ്യാഭ്യാസം നേടിയ മുരളി ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ നിന്ന് ബിരുദവും തിരുവനന്തപുരം ലാ അക്കാദമിയില്‍ നിന്ന് എല്‍.എല്‍.ബിയും പാസായി.
ആരോഗ്യവകുപ്പില്‍ എല്‍.ഡി. ക്ളാര്‍ക്കായും പിന്നീട് യൂണിവേഴ്സിറ്റിയില്‍ യു.ഡി. ക്ളര്‍ക്കായും മുരളി ജോലി നോക്കിയിട്ടുണ്ട്. നാടകത്തിലൂടെയാണ് മുരളി അഭിനയ രംഗത്തെത്തുന്നത്. സ്കൂളുകളില്‍ വച്ചു തന്നെ നാടകങ്ങളില്‍ ബാലതാരമായി വേഷമിട്ട മുരളി തിരുവനന്തപുരത്തെ പ്രശസ്ത നാടകക്കളരിയായ നാട്യഗൃഹത്തിന്‍റെ സ്ഥാപക സാരഥികളില്‍ ഒരാള്‍ കൂടിയാണ്.
ഗോപി സംവിധാനം ചെയ്ത ഞാറ്റടിയിലെ കഥാപാത്രത്തിലൂടെയായിരുന്നു മുരളിയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. പക്ഷേ ആ ചിത്രം പുറത്തിറങ്ങിയില്ല. തുടര്‍ന്ന് അരവിന്ദന്‍റെ ചിദംബരം എന്ന ചിത്രത്തിലും മീന മാസത്തിലെ സൂര്യന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. എങ്കിലും ഹരിഹരന്‍റെ പഞ്ചാഗ്‌നിയാണ് ആദ്യം റിലീസായ ചിത്രം. പഞ്ചാഗ്നിയിലെ രാജന്‍ എന്ന കഥാപാത്രത്തിലൂടെയാണ് മുരളിയെ മലയാള സിനിമാലോകം പരിചയപ്പെടുന്നത്.
ചെറിയാന്‍ കല്‍പകവാടി രചിച്ച് ജോര്‍ജ് കിത്തു സംവിധാനം ചെയ്ത ആര്‍ദ്രത്തിലെ ഉപ്പന്‍ രാഘവനിലൂടെയാണ് മുരളി ആദ്യമായി നായകനാവുന്നത്. സ്ഥിരം വില്ലന്‍ വേഷങ്ങളില്‍ നിന്നു സ്വഭാവ നടനായുള്ള വളര്‍ച്ച വേഗത്തിലായിരുന്നു. ജാലകം, അധാരം, വെങ്കലം, മൂന്നാം മുറ, കാണാക്കിനാവ്, കേളി, അമരം, ആകാശ ദൂത് എന്നി ചിത്രങ്ങള്‍ മരളിക്ക് മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടിക്കൊടുത്തു. തമിഴിലും മലയാളത്തിലും ഉള്‍പ്പെടെ മുന്നൂറോളം ചിത്രങ്ങളില്‍ മുരളി വേഷമിട്ടു.
അമരത്തിലെ ശേഖരനെ അനശ്വരനാക്കിയ മുരളി മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് നേടി. മുരളിയിലെ അഭിനേതാവിന്റെ കരുത്തറിഞ്ഞ കഥാപാത്രമാണ് ആധാരത്തിലെ ബാപ്പൂട്ടി. ലോഹിതദാസിന്റെ സുവര്‍ണ്ണതൂലികയില്‍ ജനിച്ച ബാപ്പൂട്ടിയെ നൂറു ശതമാനം ജീവസ്സുറ്റതാക്കിയതിന് മുരളിയെ തേടിയെത്തിയത് മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന അവാര്‍ഡാണ് .
ഇതിനിടെ കമ്പോള, മുഖ്യധാര സിനിമയിലും മുരളി ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യമായി. ജോഷിയുടെ നാടുവാഴികള്‍, കെ. മധുവിന്റെ അധിപന്‍ മുതല്‍ ഷാജി കൈലാസിന്റെ ദ കിങ്ങും, ദ ട്രൂത്തും വരെ എത്രയോ പ്രതിനായക വേഷങ്ങളില്‍ മുരളി തിളങ്ങി; പഞ്ചാഗ്നിയിലെ ദാസില്‍ തുടങ്ങിയ ‘കത്തി’ വേഷങ്ങളുടെ തനിയാവര്‍ത്തനങ്ങള്‍. അതിനിടെ പ്രായിക്കര പാപ്പാന്‍, വളയം, ചമ്പക്കുളം തച്ചന്‍, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, പത്രം തുടങ്ങിയ സിനിമകളില്‍ മുഖ്യധാരാ നായകവേഷങ്ങളിലും സ്വഭാവവേഷങ്ങളിലും മുരളിയിലെ നടന്‍ ആടിത്തകര്‍ത്തു.
പിതൃത്വത്തിന്റെ സംഘര്‍ഷങ്ങളും നൊമ്പരങ്ങളും രൂപത്തിലും ഭാവത്തിലും ആവഹിച്ച മുരളി ജയരാജിന്റെ താലോലത്തെ അവിസ്മരണീയമാക്കുകയായിരുന്നു. കാണാക്കിനാവിലൂടെ മുരളി ഒരിക്കല്‍ കൂടി സംസ്ഥാന അവാര്‍ഡു ഏറ്റുവാങ്ങി.
എങ്കിലും നടനിലെ പ്രതിഭയെ ഉത്തേജിപ്പിച്ച വേഷങ്ങള്‍ അടൂരിന്‍റെ മതിലുകള്‍, ലെനിന്‍ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യന്‍, ശ്രീകുമാറിന്റെ അസ്ഥികള്‍ പൂക്കുന്നു, ഭരതന്റെ വെങ്കലം, ചമയം, പി.റ്റി. കുഞ്ഞുമുഹമ്മദിന്‍റെ മഗ്‌രിബ്, ഗര്‍ഷോം, സിബി മലയിലിന്റെ ആകാശദൂത് തുടങ്ങിയവയിലേതായിരുന്നു. താലോലത്തിലെ വേഷം 1998ലെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡും നേടിക്കൊടുത്തു.
ഭരതന്റെ അമരം (1990) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് നേടിയ മുരളി നാല് പ്രാവശ്യം സംസ്ഥാന അവാര്‍ഡിന് അര്‍ഹനായി. ആധാരം (1992), കാണാക്കിനാവ് (1996), താലോലം (1998), നെയ്ത്തുകാരന്‍ (2001) ഇവയായിരുന്നു ചിത്രങ്ങള്‍. ആധാരവും കാണാക്കിനവും മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്തു. ഇ.എ.എസിന്റെ മരണം അപ്പുമേസ്തിരിയുലുണര്‍ത്തിയ തരംഗങ്ങളെ തന്മയത്വം ചോരാതെ പ്രതിഫലിപ്പിച്ച നെയ്ത്തുകാരനിലെ പ്രകടനത്തിലൂടെ ദേശീയ അവാര്‍ഡും മുരളിയെത്തേടിയെത്തി.
നാടകത്തിനും സിനിമയ്ക്കും പുറമെ രാഷ്ട്രീയത്തിലും മുരളി തന്‍റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. കോളജില്‍ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു മുരളി. 1999-ലെ ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ നിയോജക മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ട്: ഭാര്യ: മിനി. മകള്‍: കാര്‍ത്തിക.